കോൺഗ്രസ് നേതാക്കൾ തൃണമൂലിൽ; മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു.
മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പന്ത്രണ്ട് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുൻ മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്മ അടക്കമുള്ളവരാണ് പാർട്ടി വിട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇതുസംബന്ധിച്ച കത്ത് എംഎൽഎമാർ നിയമസഭാ സ്പീക്കർക്ക് കൈമാറി. ഇന്ന് എംഎൽഎമാർ ഷില്ലോങിൽ മാധ്യമങ്ങളെയും കാണും.
കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദ്, അശോക് തൻവാർ എന്നിവർ മമതാ ബാനർജിയുടെ സാന്നിധ്യത്തിൽ തൃണമൂലിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയ കോൺഗ്രസ് നേതാക്കളും കൂട്ടത്തോടെ കോൺഗ്രസ് വിട്ടത്. 17 എംഎൽഎമാരാണ് മേഘാലയയിൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. ഇതിൽ 12 പേരും തൃണമൂൽ ചേരിയിലേക്കെത്തിയതോടെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായും തൃണമൂൽ മാറും.
കുറച്ചുനാളായി കോൺഗ്രസ് നേതൃത്വവുമായുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുൾ സാങ്മയുടെ കൂറുമാറ്റം. വിൻസെന്റ് എച്ച് പാലയെ മേഘാലയ കോൺഗ്രസ് അധ്യക്ഷനാക്കിയതിൽ മുകുൾ സാങ്മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം തൃണമൂലിൽ ചേർന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുമുണ്ടായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇരുവരുമായി ചർച്ച നടത്തി ഒരുമാസം പിന്നിടുന്ന വേളയിലാണ് സാങ്മ പാർട്ടി വിട്ടത്.
അതേസമയം കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കുന്നതിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രംഗത്തെത്തി. തൃണമൂൽ നീക്കം ബിജെപിയെ ശക്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ഉൾപ്പെടുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തൃണമൂൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കോടെ കോൺഗ്രസ് പുനഃപരിശോധിക്കുകയാണ്. മമത ബാനർജിയുടെ പ്രതിപക്ഷ ഐക്യത്തിന്റെ ആധാരം കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതാണോ എന്ന് കെ.സി.വേണുഗോപാൽ ചോദിച്ചു