ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും
ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും. കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. ഇവരില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് നേതാക്കള്‍ കീഴടങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
മരട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങാനാണ് നീക്കം. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും നീക്കമുണ്ടെന്ന് വിവരമുണ്ട്. നേരത്തേ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ജോജുവിന്റെ സുഹൃത്തുക്കള്‍ വഴിയായിരുന്നു നീക്കം. എന്നാല്‍ കാര്‍ നന്നാക്കുന്നതിന് പുറമേ തന്നെ അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി മാപ്പു പറയണമെന്ന് ജോജു നിലപാടെടുത്തതോടെ നീക്കം പൊളിയുകയായിരുന്നു.
ഇതു കൂടാതെ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യ ഹര്‍ജിയില്‍ ജോജു കക്ഷിചേരുക കൂടി ചെയ്തതോടെ സമവായ സാധ്യതകള്‍ പൂര്‍ണ്ണമായി അടഞ്ഞു. ജോജുവിന്റെ പിന്‍മാറ്റത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപണവുമായി ഇതോടെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തിയിരുന്നു.