ഗൂഢാലോചനാ കേസ്; ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള 5 പ്രതികളെ മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം. 
 
ഇതനുസരിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ പ്രതികളെ ചോദ്യം ചെയ്യാം. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂര്‍ ചോദ്യം ചെയ്യാനുള്ള അവസരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും തെളിവുകളും വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. 

പ്രതികള്‍ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണം തടസപ്പെടുത്താനുള്ള ശ്രമമുണ്ടായാല്‍ ഇപ്പോള്‍ നല്‍കുന്ന സംരക്ഷണം ഇല്ലാതാകുമെന്നും കോടതി വ്യക്തമാക്കി. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതികള്‍. 

വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട ആലുവ സ്വദേശി ശരത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇയാളെ കേസില്‍ പ്രതിയാക്കിയിട്ടില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. ജനുവരി 27നായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക.