മരയ്ക്കാര്‍ തീയേറ്ററിലെത്താന്‍ കാരണം മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയെന്ന് സഹനിര്‍മാതാവ് സി.ജെ.റോയ്

സ്ത്രീശക്തി വിജയിച്ചു എന്ന തലക്കെട്ടിലായിരുന്നു റോയിയുടെ പോസ്റ്റ്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് നീക്കം ചെയ്തു.
 

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളില്‍ എത്താന്‍ കാരണം മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയുടെ നിര്‍ബന്ധമെന്ന് സഹനിര്‍മാതാവും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ സി.ജെ.റോയ്. ഫെയിസ്ബുക്ക് പോസ്റ്റിലാണ് റോയ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് നീക്കം ചെയ്തു. സ്ത്രീശക്തി വിജയിച്ചു എന്ന തലക്കെട്ടിലായിരുന്നു റോയിയുടെ പോസ്റ്റ്.

ചെന്നൈയില്‍ നടന്ന പ്രിവ്യൂ കണ്ടശേഷം സുചിത്ര മരയ്ക്കാര്‍ തീയേറ്ററുകളില്‍ തന്നെ ഇറക്കണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും മോഹന്‍ലാലിനെയും സംവിധായകന്‍ പ്രിയദര്‍ശനെയും ബോധ്യപ്പെടുത്തുകയായിരുന്നു. പ്രിവ്യൂവിന് ശേഷം നടന്ന ഡിന്നറിലും സുചിത്ര ഇക്കാര്യം ആവര്‍ത്തിച്ചുവെന്ന് റോയ് പോസ്റ്റില്‍ പറയുന്നു.

ഇതേത്തുടര്‍ന്നാണ് ചിത്രം ഉപാധികളൊന്നുമില്ലാതെ തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നാണ് സഹനിര്‍മാതാവിന്റെ പോസ്റ്റ് വ്യക്തമാക്കുന്നത്. മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഈ തീരുമാനത്തെ റോയി അഭിനന്ദിച്ചു.