ജീവനക്കാരെ തടഞ്ഞ് കോറോഹെൽത്ത്

ഡിവൈഎഫ്ഐ പ്രവർത്തകരെത്തി ബലംപ്രയോഗിച്ച് വാതിൽതുറന്നു
 

കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ ജോലിക്കായി എത്തിയ ജീവനക്കാരെ അകത്തു പ്രവേശിപ്പിക്കാതെ കോറോഹെൽത്ത് കമ്പനി. പിന്നീട് ഡിവൈഎഫ്ഐ പ്രവർത്തകരെത്തി ബലംപ്രയോഗിച്ച് വാതിൽതുറന്ന് ജീവനക്കാരെ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കോറോഹെൽത്തിന്റെ ഓഫിസ്. പൊലീസും സ്ഥലത്തുണ്ട്. സർക്കാരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമാകുന്നതു വരെ പിരിച്ചുവിടൽ നടപടികൾ മരവിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണയെങ്കിലും ഇതു പൂർണമായും ലംഘിച്ചുകൊണ്ടാണ് മാനേജ്‌മെന്റ് ഇന്ന് ജീവനക്കാരെ ഗേറ്റിൽ തടഞ്ഞത്.

നിലവിലെ പ്രതിസന്ധിയും ജീവനക്കാരുടെ ആശങ്കകളും നേരിട്ടു വിലയിരുത്തുന്നതിനായി ലേബർ കമ്മിഷണർ ഇന്നു ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചർച്ചകൾക്കായി തൊഴിൽ സെക്രട്ടറിയും കൊച്ചിയിലെത്തിയേക്കും. അതേസമയം, ഇന്നു സർക്കാരുമായി നിശ്ചയിച്ചിരുന്ന ചർച്ചയ്ക്കില്ലെന്നും വെള്ളിയാഴ്ച ചർച്ചയാവാമെന്നുമാണ് കമ്പനി അധികൃതർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ച് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേരിട്ടുള്ള നേതൃത്വത്തിൽ വെള്ളിയാഴ്ച നിർണായക ചർച്ച നടക്കും