ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്‌; കേരളം തിരഞ്ഞെടുപ്പിലേക്ക്‌

 


തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനത്തിൽനിന്ന് | Photo:Mathrubhumi
ന്യൂഡൽഹി: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതാം തീയതി നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ. മാർച്ച് 16-ന് ഗസറ്റ് വിജ്ഞാപനം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23-ാം തീയതിയാണ്. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്.

കേരളത്തിൽ പ്രചാരണത്തിന് ഇനി 24 ദിവസം മാത്രമാണ് മുന്നിലുള്ളത് എന്നത് മുന്നണികൾക്ക് നെഞ്ചിടിപ്പേറ്റും. എട്ടു ദിവസത്തിനകം പത്രിക സമർപ്പിക്കണമെന്നത് രാഷ്ട്രീയ കക്ഷികൾക്കു മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 

കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതാം തീയതിയാണ്. വോട്ടെണ്ണൽ മേയ് നാലിന് നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് തിരഞ്ഞെടുപ്പ്. മേയ് നാലാം തീയതി തന്നെയാണ് ഇവിടുത്തെയും വോട്ടെണ്ണൽ. പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഏപ്രിൽ 23. രണ്ടാംഘട്ടം ഏപ്രിൽ 29-ന്. വോട്ടെണ്ണൽ മേയ് നാലിന് നടക്കും.