നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി; കേസിനില്ലെന്ന് കടയുടമ

 

പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. കര്‍ണാടക സ്വദേശികളും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുമായ നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കര്‍ണാടകയിലെ കര്‍ക്കലയില്‍ നിന്നാണ് ബുധനാഴ്ച ഇവരെ പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 28-ാം തിയതി രാത്രിയാണ് ഇവര്‍ നായ്ക്കുട്ടിയെ മോഷ്ടിച്ച് കടന്നുകളഞ്ഞത്. 

45 ദിവസം മാത്രം പ്രായമുള്ള സ്വിഫ്റ്റര്‍ ഇനത്തിലുള്ള നായ്ക്കുട്ടിയെയാണ് ഇവര്‍ കടയില്‍ നിന്ന് ഹെല്‍മെറ്റില്‍ ഒളിപ്പിച്ച് കടത്തിയത്. നായ്ക്കുട്ടിക്ക് 15,000 രൂപയോളം വില വരും. സംഭവത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് കടയുടമ മുഹമ്മദ് ബസിത് കോടതിയെ അറിയിച്ചു. 

നായ്ക്കുട്ടിയെ കടയുടമയ്ക്ക് വിട്ടു നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് ഇവര്‍ നായ്ക്കുട്ടിക്കുള്ള തീറ്റയും മോഷ്ടിച്ചിരുന്നു.