എസ്.രാജേന്ദ്രനെതിരെ നടപടിക്ക് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ
എസ്.രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി കൈക്കൊള്ളും.
ഇത്തവണ ദേവികുളത്ത് രാജേന്ദ്രന് സിപിഎം സീറ്റ് നല്‍കിയിരുന്നില്ല. പകരം സ്ഥാനാര്‍ത്ഥിയായ എ.രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രധാനപ്പെട്ട ഏരിയ കമ്മിറ്റികളെല്ലാം രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷന് തെളിവ് നല്‍കിയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ നിന്നും രാജേന്ദ്രന്‍ അകലം പാലിച്ചു വരികയാണ്. പാര്‍ട്ടി സമ്മേളനങ്ങളിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.
ഇക്കാര്യത്തില്‍ എം.എം.മണി ഉള്‍പ്പെടെയുള്ളവര്‍ രാജേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. ജില്ലാ സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് രാജേന്ദ്രന്‍ മറുപടിയും നല്‍കിയിരുന്നില്ല. സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതിന് പുറമേ മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകളും പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. ജനുവരി 3നാണ് ഇടുക്കി ജില്ലാ സമ്മേളനം. ഇതിന് മുന്‍പായി രാജേന്ദ്രനെതിരായ നടപടിയില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.