കുസാറ്റ് അപകടം; ഐസിയുവിലുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ സൈക്കോ സോഷ്യല്‍ ടീമിന്റെ സേവനം ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ശനിയാഴ്ച രാത്രിയോടെയാണ് കുസാറ്റ് ഫെസ്റ്റിനിടയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലും നാല് പേര്‍ മരിച്ചു. പെട്ടെന്നുണ്ടായ തിക്കും തിരക്കും കാരണം ആളുകള്‍ പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. തിരക്ക് നിയന്ത്രണാതീതമായി ആളുകള്‍ മറ്റുള്ളവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.