മുട്ടിൽ മരംമുറി; പ്രതി റോജി അഗസ്റ്റിൻ ഉൾപ്പടെ 35 പേർക്ക് പിഴയടക്കാൻ നോട്ടീസ്

 

മുട്ടിൽ മരംമുറിക്കേസിൽ  പ്രതി റോജി അഗസ്റ്റിനടക്കം 35 പേർക്ക് പിഴയടക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകി. ഏഴ് കോടിയോളം രൂപയാണ് പിഴത്തുക. 35 കേസുകളിലായാണ് 7 കോടി രൂപ പിഴ അടക്കേണ്ടത്. ഒരു മാസത്തിനകം തുക അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടക്കും. ഭൂഉടമകൾക്കും മരം മുറിച്ചവർക്കും വാങ്ങിയവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ആദിവാസികളടക്കമുള്ള ഭൂഉടമകൾക്കും നോട്ടീസ് നൽകി.

മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് അഗസ്റ്റിൻ സഹോദരൻമാർ 104 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. 574 വർഷം വരെ പഴക്കമുള്ള മരങ്ങൾ വരെ മുറിച്ചുകടത്തിയെന്നാണ് കെഎഫ്ആർഐയിലെ കാലനിർണയ പരിശോധനയിൽ വ്യക്തമായത്. കേസിൽ പ്രത്യേക അന്വേഷണസംഘത്തിൻറെ കുറ്റപത്രം അടുത്തമാസം കോടതിയിൽ സമർപ്പിക്കും. കെഎൽസി ആക്ടനുസരിച്ചുള്ള റവന്യൂ വകുപ്പിൻറെ നടപടി വൈകുന്നതിനെതിരെ വിമർശനമയുർന്നിരുന്നു. മന്ത്രി കെ രാജൻറെ കർശന നിർദേശത്തെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.