ശബരിമലയിൽ ഉണ്ണിയപ്പം ഉണ്ടാക്കാൻ ടെൻഡർ വാങ്ങിയ ദളിത് യുവാവിന് നേരെ ജാതി അധിക്ഷേപം; കേസെടുത്ത് പോലീസ്
തീർത്ഥാടന കാലത്ത് ശബരിമലയിൽ ഉണ്ണിയപ്പം ഉണ്ടാക്കാൻ ടെൻഡർ വാങ്ങിയ ദളിത് യുവാവായ തിരുവനന്തപുരം സ്വദേശി സുബിയെ ജാതി അധിക്ഷേപം നടത്തുകയും മുഖത്ത് തുപ്പുകയും ചെയ്ത പരാതിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. രമേശ്, ജഗദീഷ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇരുവരും ഒളിവിലാണ്. മ്യൂസിയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
സെപ്തംബർ രണ്ടിന് നന്തൻകോഡ് ദേവസ്വംബോർഡ് ഓഫീസിന്റെ മുന്നിലെ പാർക്കിംഗ് ഏരിയയിൽ വച്ചായിരുന്നു സംഭവം.
'ക്ഷേത്രം ഹിന്ദുക്കളുടേതാണ്, പുലയരുടേതല്ല' എന്നിരിക്കെ എന്തുകൊണ്ടാണ് ടെൻഡർ നടപടികളിൽ പങ്കെടുത്തതെന്ന് ചോദിച്ചായിരുന്നു അതിക്രമം. തുടർന്ന് രമേശും ജഗദീഷും ചേർന്ന് ക്ഷേത്രത്തിൽ കയറരുതെന്ന് ഭീഷണിപ്പെടുത്തുകയും തുപ്പുകയും ആൾക്കൂട്ടത്തിനിടയിൽവെച്ച് സുബിയുടെ മുഖത്തടിക്കുകയും ചെയ്തു.