ഇറാനിൽ മരണം 1,000 കവിഞ്ഞു
ഇറാനെതിരേ യു.എസും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധം അഞ്ചാംദിവസവും തുടരുന്നു. ഇറാന് പുറമെ ലെബനനിലും ഇസ്രയേൽ അതിക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ നീക്കം.
ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയി ഇസ്രയേൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളെ അദ്ദേഹം അതിജീവിച്ചതായാണ് വിവരം. ഖമനേയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തതായുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്.
ഇറാനിൽ ഇതുവരെ 1,097 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. ടെഹ്‌റാനിലെ സുരക്ഷാ ആസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായിരിക്കുകയാണ്.
അതിനിടെ ബുധനാഴ്ച പുലർച്ചെ ശ്രീലങ്കൻ തീരത്ത് തകർന്ന ഇറാൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ്. ഡെനയിൽനിന്ന് നൂറിലേറെപ്പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. കപ്പലിലുണ്ടായിരുന്ന 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷിച്ചു.