കഫ്സിറപ്പ് കഴിച്ച കുട്ടികളുടെ മരണം; മധ്യപ്രദേശിൽ മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ്സിറപ്പ് കഴിച്ച കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. കോൾഡ്രിഫ് എന്ന സിറപ്പ് കഴിച്ചതിനു പിന്നാലെ മരിച്ച പതിനൊന്ന് കുട്ടികളിൽ ഭൂരിഭാഗംപേർക്കും കഫ്സിറപ്പ് നിർദേശിച്ച ശിശുരോഗവിദഗ്ധൻ പ്രവീൺ സോണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സർക്കാർ ആശുപത്രിയിലെ ഡോക്ടറായ പ്രവീൺ സോണി തന്റെ സ്വകാര്യ ക്ലിനിക്കിലെ ചികിത്സയ്ക്കിടെയാണ് കുട്ടികൾക്ക് കോൾഡ്രിഫ് നിർദേശിച്ചത്. കോൾഡ്രിഫ് സിറപ്പ് നിർമിച്ച തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിന് എതിരെയും മധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്.
കുട്ടികളുടെ മരണത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ദ്രി മോഹൻ യാദവ് പറഞ്ഞു.
കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്ക തകരാറിലായി മരിച്ചതായുള്ള റിപ്പോർട്ടുകൾക്കുപിന്നാലെ വിവാദ മരുന്നുകളുടെ നിർമാണ കേന്ദ്രങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പരിശോധന നടത്തിയിരുന്നു. ആറു സംസ്ഥാനങ്ങളിലായി കഫ് സിറപ്പുകളും ആന്റി ബയോട്ടിക്കുകളുമടക്കം 19 തരം മരുന്നുകൾ നിർമിക്കുന്ന കേന്ദ്രങ്ങളിലാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) പരിശോധന നടത്തിയത്.
തമിഴ്‌നാട്ടിലെ മരുന്നുനിർമാണ ശാലയിൽ നടത്തിയ പരിശോധനയിൽ മരുന്നിൽ വിഷമാലിന്യം കണ്ടെത്തുകയും ചെയ്തു. കാഞ്ചീപുരത്തെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിനാണ് അധികൃതർ മുദ്രവെച്ചത്. ഇവിടത്തെ പരിശോധനയിൽ മരുന്നിന്റെ ഒരു ബാച്ചിൽ ഡൈ എഥിലിൻ ഗ്ലൈക്കോൾ വൻതോതിൽ കണ്ടെത്തി. ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും
കേരളത്തിലും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു. എസ്ആർ-13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് നടപടിയെന്നും ഈ മരുന്ന് വിൽപ്പന നടത്തിയിട്ടില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. മധ്യപ്രദേശിൽ ഒൻപതും രാജസ്ഥാനിൽ മൂന്നും കുട്ടികൾ കഫ് സിറപ്പ് കഴിച്ചതിന് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.
മധ്യപ്രദേശിൽ കോൾഡ്രിഫിന്റെയും അതുണ്ടാക്കിയ കമ്പനിയുടെ മറ്റുമരുന്നുകളുടെയും വിൽപ്പന നിരോധിച്ചു. രാജസ്ഥാനിൽ കുട്ടികളുടെ മരണത്തിന് കാരണമായതെന്നു കരുതപ്പെടുന്ന കഫ് സിറപ്പ് നിർമിച്ച ജയ്‌പുർ ആസ്ഥാനമായുള്ള കെയ്‌സൺ ഫാർമയുടെ എല്ലാ മരുന്നുകളും നിരോധിച്ചിട്ടുണ്ട്.