‘ധൂം’ സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു

 

പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗധ്വി അന്തരിച്ചു. 56 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൂപ്പർഹിറ്റായ ധൂം, ധൂം 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.

മകൾ സഞ്ജിന ഗാധ്വിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. 57ാം പിറന്നാൾ ആഘോഷിക്കാൻ മൂന്ന് ദിവസം ശേഷിക്കെയായിരുന്നു സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത മരണം. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകൾകൂടിയുണ്ട്.

2000ൽ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ആദ്യമായി ചലച്ചിത്ര സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അവയിൽ ധൂം, ധൂം 2, 2002-ൽ പുറത്തിറങ്ങിയ മേരേ യാർ കി ഷാദി ഹേ എന്നിവ പ്രശസ്തമാണ്. 2008-ൽ സഞ്ജയ് ദത്ത്, ഇമ്രാൻ ഖാൻ, മിനിഷ ലാംബ എന്നിവർ അഭിനയിച്ച കിഡ്നാപ്പ്, 2012-ൽ അർജുൻ രാംപാൽ നായകനായ അജബ് ഗസാബ് ലവ്, 2020-ൽ അമിത് സാദും രാഹുൽ ദേവും അഭിനയിച്ച ഓപ്പറേഷൻ പരിന്ദേ മുതലായ ചിത്രങ്ങളും സഞ്ജയുടേതായുണ്ട്.