നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വേണമെന്ന് ദിലീപ്; എതിര്‍ത്ത് പ്രോസിക്യൂഷന്‍ 

 

നടിയെ ആക്രമിച്ച കേസിലെ തുടന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറണമെന്ന് ദിലീപ് കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. അതേസമയം ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. 

തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് ചൂണ്ടിക്കാണിച്ച പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് കൈമാറാനുള്ള സമയം ആയിട്ടില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. കേസില്‍ പ്രതിയായ ആള്‍ക്ക് റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. സമര്‍പ്പിച്ചത് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മാത്രമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. 

അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമത്വം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇതും പ്രോസിക്യൂഷന്‍ തള്ളി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സുരക്ഷിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി ജനുവരി 25ന് പരിഗണിക്കും.