ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മാറ്റി; വെള്ളിയാഴ്ച വരെ അറസ്റ്റില്ല

 

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി. ദിലീപും പുതിയ കേസിലെ മറ്റു പ്രതികളും നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപും സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് തുടങ്ങിയവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് കോവിഡ് ആയതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിശദമായി വാദിക്കാന്‍ രാമന്‍പിള്ളയ്ക്ക് നേരിട്ടെത്താന്‍ സമയം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ സര്‍ക്കാര്‍ നിലപാട് കോടതി തേടിയിരുന്നു. വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന വാക്കാലുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

തനിക്കെതിരായ പുതിയ കേസ്, അന്വേഷണ സംഘം ഉണ്ടാക്കിയ കള്ളക്കഥയാണെന്ന വാദമാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസെടുത്തിരിക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു. അതേസമയം പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷിയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.