പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്, തരൂരിനെ ദേശീയ നേതൃത്വം നിയന്ത്രിക്കണം; മുല്ലപ്പള്ളി

 

സദ്ഭരണം കേരളത്തെ കണ്ടു പഠിക്കണമെന്ന് യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് ഫെയിസ്ബുക്ക് പോസ്റ്റിട്ട ശശി തരൂരിനെതിരെ കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ മറന്ന് തരൂര്‍ അഭിപ്രായം പറയരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രവര്‍ത്തകര്‍ രാവും പകലും അധ്വാനിച്ചാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്. തരൂരിനെ അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തരൂര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവും എം.പിയുമായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. അഖിലേന്ത്യാ നേതൃത്വമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണ്. പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ലെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

നീതി ആയോഗ് ആരോഗ്യ ഇന്‍ഡെക്‌സില്‍ കേരളം തുടര്‍ച്ചയായി നാലാം തവണയും ഒന്നാം സ്ഥാനത്തെത്തിയത് ചൂണ്ടിക്കാട്ടിക്കൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളുന്ന പോസ്റ്റിനെതിരെയാണ് മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യമേഖല മാത്രമല്ല സദ്ഭരണമെന്നത് എന്താണെന്നും ആദിത്യനാഥ് കേരളത്തെ കണ്ടു പഠിക്കണമെന്നായിരുന്നു പോസ്റ്റ്.

നേരത്തേ കെ-റെയില്‍ വിഷയത്തിലും എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ച തരൂരിനെതിരെ മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസുകാരനായ, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച എംപിയായ തരൂരിന് കോണ്‍ഗ്രസ് തത്വങ്ങള്‍ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു മുല്ലപ്പള്ളി തുറന്നടിച്ചത്.