ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കേണ്ട: വനിത കമ്മീഷൻ അധ്യക്ഷ
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷന്‍. അതുകൊണ്ടു തന്നെ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ല എന്നാണ് സിനിമ- സാംസ്ക്കാരി വകുപ്പ് മന്ത്രി പറഞ്ഞതെന്നും സതീദേവി അറിയിച്ചു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
സിനിമയിലേക്ക് പെണ്‍കുട്ടികള്‍ കടന്നുവരുമ്പോള്‍ ആത്മവിശ്വാസം നല്‍കുന്ന അന്തരീക്ഷം നിര്‍മാണ കമ്പനികള്‍ ഉറപ്പാക്കേണ്ടതുണ്ട്. തീര്‍ച്ചയായും സിനിമാമേഖലയില്‍ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണ്. നിയമനിര്‍മാണവും വേണം. ഇന്റേണല്‍ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിര്‍മാണ കമ്പനികളും നിര്‍ബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ അതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്- സതിദേവി പറഞ്ഞു.