ഇരട്ടക്കൊലപാതകം; ആലപ്പുഴയില്‍ രണ്ടു ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു
മണിക്കൂറുകള്‍ക്കിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപിഐയുടെയും ബിജെപിയുടെയും സംസ്ഥാന നേതാക്കളാണ് വ്യത്യസ്ത സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി 7.30ഓടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിയത്. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്ക് സമീപം കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ വെച്ച് ഷാന്‍ രാത്രി മരിച്ചു. ശരീരത്ത് നാല്‍പതോളം വെട്ടുകളേറ്റിരുന്നു.
ഇതിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലാണ് സംഭവമുണ്ടായത്. വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ജില്ലയില്‍ നിരോധനാജ്ഞ നല്‍കിയിരിക്കുന്നത്.