ഡോ.കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

 

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് ഡോ.കഫീല്‍ ഖാനെ പിരിച്ചുവിട്ട് യുപി സര്‍ക്കാര്‍. അന്വേഷണ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കുകയും കഫീല്‍ ഖാനെതിരായ നടപടികള്‍ കോടതി തടയുകയും ചെയ്ത സംഭവത്തിലാണ് ഇപ്പോള്‍ പിരിച്ചുവിടല്‍. 2017ലുണ്ടായ സംഭവത്തില്‍ കോടതിയില്‍ നിയമ പോരാട്ടം തുടരുന്നതിനിടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഫീല്‍ ഖാനെ പിരിച്ചുവിട്ടിരിക്കുന്നത്.

2017 ഓഗസ്റ്റ്‌ലാണ് യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി കുട്ടികള്‍ മരിച്ചത്. ഓക്‌സിജന്‍ വിതരണത്തിലെ പ്രശ്‌നങ്ങളാണ് കാരണമെന്ന് ആരോപണമുയര്‍ന്നു. ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ലഭിക്കാതെ വന്നപ്പോള്‍ സ്വയം പണം മുടക്കി പുറത്തുനിന്ന് സിലിന്‍ഡറുകള്‍ എത്തിച്ച കുട്ടികളുടെ വാര്‍ഡിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു.

പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി 2019 ഏപ്രിലില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു ബിജെപി സര്‍ക്കാര്‍.