സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി

 

തിരുവനന്തപുരം നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്‌ന പുറത്തിറങ്ങിയത്. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്‌നയുടെ അമ്മ പ്രഭ സുരേഷ് അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍ മോചനം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷവും മൂന്നു മാസവും പിന്നിട്ട ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്. സ്വപ്‌ന മാധ്യമങ്ങളെ കണ്ടേക്കും. എന്‍ഐഎ കേസിലാണ് ഏറ്റവും ഒടുവില്‍ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചത്. ഇവര്‍ക്കൊപ്പം സരിത്ത്, റോബിന്‍സണ്‍, റമീസ് എന്നിവര്‍ക്കും ജാമ്യം നല്‍കിയിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം.

കേസിലെ മറ്റൊരു പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ സന്ദീപിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കസ്റ്റംസ് കോഫെപോസെ ചുമത്തിയതിനാല്‍ സ്വപ്‌നയും സരിത്തും കരുതല്‍ തടങ്കലിലായിരുന്നുവെങ്കിലും സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.