പിണറായിയുടെ വസതിയുൾപ്പെടെ പത്തിടങ്ങളിൽ ഇഡി റെയ്ഡ്
സി.എം.ആർ.എൽ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. ഇതിന് പുറമെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്, സി.എം.ആർ.എൽ ഓഫിസ് എന്നിവയുൾപ്പെടെ പത്തിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
തിരുവനന്തപുരത്തെ വാടകവീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇ.ഡി സംഘം പരിശോധനക്കായി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതിയിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് പുരോഗമിക്കുകയാണ്. കേസിൽ ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി ഉത്തരവിന് തൊട്ടുപിന്നാലെയാണ് ഈ നടപടികൾ.
സി.എം.ആർ.എൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്നലെ ഉത്തരവിട്ടിരുന്നു. ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനി എം.ഡി ശശിധരൻ കർത്ത, കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ, ചന്ദ്രശേഖരൻ തുടങ്ങിയവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളുകയായിരുന്നു. മേൽക്കോടതിയെ സമീപിക്കാൻ ഒരാഴ്ചത്തെ സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.