മോദി ഒത്തുതീർപ്പിനു വഴങ്ങി, എപ്സ്റ്റൈൻ ഫയലുകളും സമ്മർദ കേന്ദ്രം; രാഹുൽഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് വ്യാപാര കരാർ അംഗീകരിച്ചത് വലിയ സമ്മർദങ്ങൾക്ക് വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. നാലു മാസമായി തടസ്സപ്പെട്ടു കിടന്ന വ്യാപാര കരാറാണ് ഇന്നലെ വൈകുന്നേരം പെട്ടെന്ന് ഒപ്പിട്ടത്. ആയിരക്കണക്കിന് കോടി രൂപ ചെലവാക്കി നിർമിച്ചെടുത്ത നരേന്ദ്ര മോദിയുടെ പ്രതിച്ഛായ എന്ന കുമിള ഉടൻ പൊട്ടുമെന്ന് രാഹുൽഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ഒത്തുതീർപ്പുകൾക്ക് വഴങ്ങിയെന്നും രാഹുൽ ആരോപിച്ചു.
മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിച്ച് സംസാരിക്കാൻ രാഹുലിനെ അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധിച്ചിരുന്നു. പിന്നാലെ, 8 കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കാൻ അനുവദിക്കാത്തതിനെ പാർലമെന്റിനു പുറത്ത് രാഹുൽ രൂക്ഷമായി വിമർശിച്ചു.
ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷ നേതാവിനെ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കാൻ അനുവദിക്കാത്തതെന്നു രാഹുൽ പറഞ്ഞു. വ്യാപാര കരാറിലൂടെ നരേന്ദ്ര മോദി കർഷകരുടെ കഠിനാധ്വാനവും രക്തവും വിയർപ്പും വിറ്റു. മോദി ഒത്തുതീർപ്പുകൾക്ക് വഴങ്ങിയതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്. മോദി കർഷകരെ മാത്രമല്ല, രാജ്യത്തെത്തന്നെ വിറ്റു. അതുകൊണ്ടാണ് സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തത്.
മോദിക്ക് ഭയമാണെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ നിർമിച്ചവർ തന്നെ അത് തകർക്കാൻ തുടങ്ങിയെന്നും രാഹുൽ ആരോപിച്ചു. അമേരിക്കയിൽ അദാനിക്കെതിരെ 1,111 കേസുകളുണ്ട്. അവർ അദാനിയെ മാത്രമല്ല ലക്ഷ്യമിടുന്നത്, നരേന്ദ്ര മോദിയുടെ സാമ്പത്തിക ഘടനയെയുമാണ്. അദാനിക്കെതിരായ കേസ് ഫലത്തിൽ മോദിക്കെതിരായ കേസാണ്. അദാനിയാണ് ബിജെപിയുടെയും മോദിയുടെയും സാമ്പത്തിക അടിത്തറയെന്നും രാഹുൽ ആരോപിച്ചു. മോദിക്കെതിരായ രണ്ടാമത്തെ സമ്മർദ്ദ കേന്ദ്രം എപ്‌സ്റ്റൈൻ ഫയലുകളാണ്. ഇനിയും പുറത്തുവരാത്ത വിവരങ്ങൾ എപ്‌സ്റ്റൈൻ ഫയലുകളിലുണ്ട്. അതിൽ എന്താണെന്നറിയാൻ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അമേരിക്ക പുറത്തുവിട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.