തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന വ്യാജപ്രചരണം; പരാതി നൽകി പി കെ ശ്രീമതി

 

 സാമൂഹ്യ മാധ്യമങ്ങളിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പൊലീസിൽ പരാതി നൽകി. തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞതായാണ് വ്യാജപ്രചരണം.


പി കെ ശ്രീമതിയുടെ ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്. മതസ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കമാണിതെന്ന് പി കെ ശ്രീമതി പരാതിയിൽ ആരോപിച്ചു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘‘തിരുവോണത്തിന് എന്റെ വീട്ടിൽ ബീഫും മീനും ഉച്ചയ്ക്ക് വിളമ്പുമെന്ന് ഞാൻ പറഞ്ഞതായാണ് എന്റെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നത്. അതോടൊപ്പം നബി ദിനത്തിൽ പോർക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് മതസ്പർധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ മതസ്പർധ വളർത്താനുള്ള നീക്കമാണിത്. അന്യമതസ്ഥനായ സഹപാഠിയെ അടിക്കാൻ അധ്യാപിക തന്നെ മറ്റ് കുട്ടികളോട് ആവശ്യപ്പെടുന്നത് പോലുള്ള വിദ്വേഷമാണ് യുപി പോലുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ പടർത്തുന്നത്. പശുക്കടത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നു. ദളിതർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും നേരെ സംഘടിത അക്രമം നടക്കുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ആർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്”– പി.കെ. ശ്രീമതി പറഞ്ഞു.