രാഷ്ട്രപിതാവിനെ രാജ്യദ്രോഹി എന്ന് വിളിച്ചു; സന്യാസിക്കെതിരെ കേസ്

 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രാജ്യദ്രോഹിയെന്ന് വിളിച്ച സന്യാസിക്കെതിരെ കേസ്. മധ്യപ്രദേശ് പോലീസാണ് തരുണ്‍ മുരാരി ബാപ്പുവെന്ന സന്യാസിക്കെതിരെ കേസെടുത്തത്.  നര്‍സിങ്പുരില്‍ നടന്ന ഒരു പരിപാടിയിലാണ് തരുണ്‍ മുരാരി ബാപ്പു മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ 505 (2), 153 ബി എന്നിവ പ്രകാരം കേസെടുത്തിയിരിക്കുന്നത്.

'ആരെങ്കിലും രാഷ്ട്രത്തെ കഷ്ണങ്ങളാക്കിയാല്‍, അയാള്‍ എങ്ങനെയാണ് രാഷ്ട്രപിതാവാകുന്നത്? ഞാന്‍ ഇതിനെ എതിര്‍ക്കുന്നു, അയാള്‍ ഒരു ദേശദ്രോഹി ആണ്,' എന്നാണ് തരുണ്‍ മുരാരി പ്രസംഗിച്ചത്. പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിത് പട്ടേല്‍ നല്‍കിയ പരാതിയിലാണ് കേസ്.

നേരത്തേ റായ്പൂരില്‍ മഹാത്മാഗാന്ധിക്കെതിരെ പരാമര്‍ശം നടത്തിയ കാളീചരണ്‍ മഹാരാജ് എന്ന സന്യാസിയെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. ഹരിദ്വാറില്‍ നടന്ന ഹിന്ദുമത സമ്മേളനത്തില്‍ സന്യാസിമാരും ബിജെപി നേതാക്കളും വിദ്വേഷ പ്രസംഗം നടത്തിയതിന് ശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.