ചര്‍ച്ച അവസാനിപ്പിച്ചുവെന്ന് ഫിലിം ചേംബര്‍; മരയ്ക്കാര്‍ ഒടിടിയില്‍ തന്നെ

 

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായി. തീയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ പറഞ്ഞു. തീയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. തീയേറ്ററില്‍ റിലീസ് ചെയ്ത് നഷ്ടമുണ്ടായാല്‍ നികത്തണമെന്ന നിര്‍മാതാവിന്റെ ആവശ്യം തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് തള്ളിയതായും സുരേഷ് കുമാര്‍ പറഞ്ഞു.

ആരും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സ്ഥിതിക്ക് എല്ലാം ഇവിടെ വെച്ച് അവസാനിപ്പിക്കുകയാണ്. ചിത്രം ഒ.ടി.ടിയിലേക്ക് പോകും. ഈ ചര്‍ച്ച ചേംബര്‍ അവസാനിപ്പിച്ചു. സര്‍ക്കാരിനോടും കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാനും കാര്യത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഇനിയും ഇത് മുന്നോട്ട് പോകില്ലെന്ന് വ്യക്തമായതോടെ ഇത് ഇവിടെ നിര്‍ത്തുകയാണ്. സര്‍ക്കാരിനോട് ചര്‍ച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേംബര്‍ ആണെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി.

മരയ്ക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കത്തില്‍ ഇടപെടുന്നതിനായി മന്ത്രി സജി ചെറിയാന്‍ ഇന്ന് യോഗം വിളിച്ചിരുന്നെങ്കിലും മാറ്റിവെച്ചിരുന്നു. രണ്ടു കൂട്ടരും ചര്‍ച്ച ആവശ്യമില്ലെന്ന് തീരുമാനിച്ചതിനാലാണ് വേണ്ടെന്ന് വെച്ചതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു എന്റെ വിശ്വാസം. രണ്ടു കൂട്ടര്‍ക്കും വാശി ഉണ്ടെന്നാണ് കേട്ടത്. അതിനിടയിലേക്ക് നമ്മള്‍ കയറേണ്ട. അവര്‍ തമ്മില്‍ ചര്‍ച്ച നടത്തട്ടെ. ഇനി അവര്‍ ഇടപെടാന്‍ ആവശ്യപ്പെട്ടാല്‍ നമ്മള്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.