മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയത് അറിയില്ലെന്ന് വനം മന്ത്രി; വിശദീകരണം തേടി
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപം മരം മുറിക്കാന്‍ അനുമതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. മരം മുറിയെക്കുറിച്ച് മുഖ്യമന്ത്രിയോ വനം വകുപ്പോ അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയപ്പോഴാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറും ബേബി ഡാമും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായ വിഷയങ്ങളാണ്. അത്തരമൊരു പ്രശ്‌നത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രമായാല്‍ പോരാ. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ നടപടികള്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബേബി ഡാമിന് സമീപമുള്ള 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഈ മരങ്ങള്‍ മുറിച്ചാലേ ബേബി ഡാം ശക്തിപ്പെടുത്താന്‍ കഴിയൂ എന്ന് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.