ചൈനീസ് മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

 

ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. ഈ വർഷം ആദ്യമാണ് ലി കെചിയാങ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. 2013 മുതൽ കഴിഞ്ഞ പത്ത് വർഷമായി ചൈനയുടെ പ്രധാനമന്ത്രിയായി തുടർന്ന് വരികയായിരുന്നു. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.

ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്. ചൈനയുടെ സാമ്പത്തികരംഗത്ത് നിർണായകശക്തിയായത് കെചിയാങ്ങിന്റെ കാലത്തായിരുന്നു. നിയമത്തിൽ ബിരുദവും സാമ്പത്തികശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റും നേടി. മാവോ സെ ദുങ് ചിന്തകളുടെ പഠനത്തിൽ പെക്കിങ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാമനായി. അവിടെ കമ്യൂണിസ്‌റ്റ് യൂത്ത് ലീഗ് സെക്രട്ടറിയായി.