ഗഗൻയാൻ പരീക്ഷണം വിജയകരം
ഗഗൻയാൻ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തികരിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. റോക്കറ്റിൽ നിന്ന് വേർപ്പെട്ട ക്രൂ മൊഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലിൽ പതിച്ചു. 9 മിനിറ്റ് 51 സെക്കൻഡിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്.
മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ പദ്ധതിയാണ് ഗഗൻയാൻ. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിച്ചത്.
17 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് മൊഡ്യൂൾ വേർപെട്ട് കടലിലേയ്ക്ക് സുരക്ഷിതമായി ഇറക്കിയത്. ശ്രീഹരിക്കോട്ടയിൽ പത്ത് കിലോമീറ്റർ അകലെ നങ്കൂരമിട്ടിട്ടുള്ള നേവിയുടെ കപ്പലിലാണ് ക്രൂ മൊഡ്യൂൾ ഇറങ്ങുക. ടെസ്റ്റ് മെഡ്യൂൾ അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിച്ചത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ ഇത്തരത്തിൽ തുടർ പരീക്ഷണങ്ങൾ നടത്തും. അതിനു ശേഷം, മനുഷ്യരില്ലാതെ ഒരു പര്യവേഷണം കൂടി നടത്തിയ ശേഷമാകും മനുഷ്യരെയും കൊണ്ട് ഗഗൻയാൻ കുതിക്കുക