ഒരാളുടെ പേര് മാത്രം നല്‍കിയത് തന്റെ കൈ കെട്ടിയിടാനുള്ള ശ്രമം; സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍

 

സര്‍വകലാശാലാ വിസി നിയമനങ്ങളില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍. കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ അതൃപ്തി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗവര്‍ണര്‍ തുറന്നടിച്ചത്. കാലടി സര്‍വകലാശാല നിയമത്തിന് ഒറ്റപ്പേര് മാത്രം ശുപാര്‍ശ ചെയ്തത് പൂര്‍ണ ലംഘനമാണ്. ഒന്നില്‍ കൂടുതല്‍ പേരുകളുണ്ടെങ്കില്‍ അതില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ തനിക്ക് സാധിക്കുമായിരുന്നു. ഒരാളുടെ പേര് മാത്രം നല്‍കിയത് തന്റെ കൈ കെട്ടിയിടാനുള്ള ശ്രമമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങള്‍ തകൃതിയാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇക്കാര്യം നിരന്തരം അറിയിച്ചിട്ടും നടപടിയെടുക്കാത്തതില്‍ അമര്‍ഷമുണ്ട്. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ല. രാഷ്ട്രീയ ഇടപെടല്‍ തുടര്‍ന്നാല്‍ പദവി ഒഴിയാന്‍ താന്‍ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുമായി പരമാവധി സഹകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലും സഹകരിക്കുന്നില്ല.

സര്‍വകലാശാലകളുടെ സുതാര്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനാണ് ചാന്‍സലര്‍ പദവി ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയത്. കേരളത്തില്‍ തനിക്ക് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഇതാണ് ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയേറ്റെടുക്കണമെന്ന് ആവശ്യപ്പെടാനുള്ള സാഹചര്യം. അനധികൃത നിയമങ്ങള്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എല്ലായിടത്തും വേണ്ടപ്പെട്ടവരെ കുത്തിനിറയ്ക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.