ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാൻ, രാഷ്ട്രീയ ചടങ്ങിനല്ല; അയോധ്യയിലേക്ക് ക്ഷണം വ്യക്തികൾക്ക്- തരൂർ
 

 

താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും ശശി തരൂർ എം.പി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തണമെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. രാഷ്ട്രീയ ചടങ്ങിനായി സാംസ്കാരിക സമ്മേളനം അടുത്തുണ്ടാകാം. ഹാൾ ഉണ്ടാകും. ദെെവവുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് ക്ഷേത്രം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യമുണ്ടോ എന്ന് അറിയില്ല. ജനങ്ങൾ പ്രാർഥിക്കുന്നത് വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ടാണെന്നാണ് വിശ്വാസം. ആരും ഒരു സർക്കാർ പറഞ്ഞതുകൊണ്ട് പ്രാർഥിക്കില്ല.

അയോധ്യയിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്ന് ഖാർ​ഗെ വ്യക്തമാക്കിയിരുന്നു. പങ്കെടുക്കണമോ എന്നത് അവരുടെ തീരുമാനമാണ്. 22-ാം തീയതിക്ക് ഇനിയും 15 ദിവസമുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.