ഒരേയിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും; പാരാലിമ്പിക്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യ
 

 
പാരാലിമ്പിക്‌സില്‍ ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക്

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക്. ഒരു സ്വര്‍ണ്ണവും വെള്ളിയും നേടി ഇന്ത്യ പോയിന്റ് നിലയില്‍ 34-ാം സ്ഥാനത്തെത്തി. മിക്സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ്എച്ച് 1 പുരുഷ വിഭാഗത്തിലാണ് മെഡല്‍ നേട്ടം. ഈയിനത്തില്‍ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി.

ഫൈനലില്‍ 218.2 പോയന്റ് നേടി പാരാലിമ്പിക്സ് റെക്കോഡോടെയാണ് മനീഷ് നര്‍വാള്‍ സ്വര്‍ണം നേടിയത്. നര്‍വാള്‍ ഈയിനത്തില്‍ ലോക റെക്കോര്‍ഡുകാരനാണ്. 216.7 പോയന്റ് നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡല്‍ നേടി. സിങ് രാജ് ടോക്യോ പാരാലിമ്പിക്സില്‍ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 

യോഗ്യതാ മത്സരത്തില്‍ ഏഴാം സ്ഥാനം മാത്രമാണ് നര്‍വാളിന് ലഭിച്ചത്. സിങ് രാജിന്  നാലാം സ്ഥാനമായിരുന്നു. ഫൈനലില്‍ ഇരുവരും ഫോമിലേക്കുയരുകയായിരുന്നു. സെര്‍ജി മലിഷേവിനാണ് വെങ്കലം. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യ ഇതുവരെ പാരാലിമ്പിക്‌സില്‍ സ്വന്തമാക്കിയത്.