തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

 

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. നെടുമങ്ങാട് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു. അഴീക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. സുനീര്‍, സുല്‍ഫിര്‍ തുടങ്ങിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് മാലിക് പറഞ്ഞു. ഇവരുടെ കടയില്‍ കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമണം നടത്തിയിരുന്നു. മാലിക് ഈ സംഘത്തിലുണ്ടെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.

തിരുവനന്തപുരത്ത് വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 21 ഗുണ്ടാ ആക്രമണങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്. പോത്തന്‍കോട് യുവാവിനെ കൊലപ്പെടുത്തി കാല്‍ വെട്ടി റോഡില്‍ എറിഞ്ഞ സംഭവമുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

തുടര്‍ച്ചയായുള്ള ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്ന് 1200 ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം 220 പിടികിട്ടാപ്പുള്ളികളെയാണ് അറസ്റ്റ് ചെയ്തത്. വാറണ്ടുള്ള 403 പേരെയും അറസ്റ്റ് ചെയ്തു. 68 ലഹരി മരുന്ന് കേസുകളും എടുത്തിട്ടുണ്ട്.