കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാച്ഛാദനം ചെയ്തു

 

കുളച്ചൽ യുദ്ധത്തിന്റെ സ്മരണയ്ക്കായി, പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ കുളച്ചൽ യുദ്ധസ്മാരകത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുളച്ചൽ വിജയ യോദ്ധാവിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തു. കുളച്ചൽ യുദ്ധത്തിൽ പങ്കെടുത്ത് ജന്മനാടിന് വേണ്ടി പോരാടിയ അറിയപ്പെടാത്ത എല്ലാ വീര യോദ്ധാക്കളെ പ്രതിനിധീകരിച്ച് ഒരു വിജയ യോദ്ധാവിൻ്റെ പ്രതിമ നിർമ്മിച്ചതിൽ സൈനിക കേന്ദ്രത്തെ ഗവർണർ അഭിനന്ദിച്ചു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡച്ചുകാർ കേരളത്തിലെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്രോതസ്സുകൾ കൈവശം വയ്ക്കുകയും കുരുമുളക്, കറുവപ്പട്ട വ്യാപാരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുകയും ചെയ്തു. മറുവശത്ത് 24 വയസ്സുള്ള തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ്മ, പ്രഭുക്കന്മാരുടെ ഉയർന്നുവരുന്ന ശക്തിയെ തകർത്ത് തന്റെ രാജ്യം മുഴുവൻ മലബാർ മേഖലയിലേക്കും വ്യാപിപ്പിക്കാൻ നോക്കുകയായിരുന്നു. ഡച്ച് നാവിക സേനയുടെ തുടർച്ചയായ ബോംബാക്രമണത്തിലൂടെ 1740 നവംബർ 26 ന് കുളച്ചൽ ഉപരോധത്തിന് തുടക്കമായി. തുടർന്നുള്ള സംഭവ പരമ്പരയിൽ, ഡച്ചുകാർ കുളച്ചലിന് ചുറ്റുമുള്ള തിരുവിതാംകൂർ തീരത്ത് സമ്പൂർണ ഉപരോധം ഏർപ്പെടുത്തുകയും കുളച്ചെലിലും സമീപപ്രദേശങ്ങളിലും ഉള്ള ഗ്രാമങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.


ഡച്ച് സൈനികരുടെ കുറവ് മുതലെടുത്ത്, മാർത്താണ്ഡ വർമ്മയുടെ സൈന്യം കുളച്ചലിലേക്ക് വിന്യസിക്കുകയും തുടർന്ന് ഡച്ചുകാരെ പിടികൂടുകയും ചെയ്തു. ഡച്ച് പട്ടാളത്തിലേക്കുള്ള സാധനങ്ങൾ നിർത്തലാക്കുകയും കരയിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. തുടക്കത്തിൽ, ഡച്ചുകാർ തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരം പിടിച്ചെടുക്കാൻ പദ്ധതിയിട്ടിരുന്നു. തങ്ങളുടെ പ്രദേശം സംരക്ഷിക്കാനുള്ള തിരുവിതാംകൂർ സൈന്യത്തിന്റെ ഇച്ഛാശക്തിയെ അവർ ഒരുപക്ഷേ കുറച്ചുകണ്ടിരിക്കാം. ഡച്ച് സൈന്യത്തിൽ ഏകദേശം 400 പേരും, തിരുവിതാംകൂറിൽ നിന്ന് ഏകദേശം 12,000 സൈനികരും ഉണ്ടായിരുന്നു.

തിരുവിതാംകൂർ പട്ടാളം നടത്തിയ പീരങ്കി ആക്രമണത്തിൽ ഡച്ചുകാരുടെ താൽക്കാലിക കൂടാരങ്ങളിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും വെടിക്കോപ്പുകളും അഗ്നിക്കിരയായി, അങ്ങനെ യുദ്ധം തിരുവിതാംകൂർ സൈന്യത്തിന് അനുകൂലമായി അവസാനിച്ചു. തിരുവിതാംകൂർ സൈന്യം ഡച്ച് സേനയെ പൂർണ്ണമായും ഉന്മൂലനം ചെയ്യുകയും, ഡച്ച് കമാൻഡർ ഡി ലനോയിയെ പിടികൂടി ജയിലിലടയ്ക്കുകയും ചെയ്തു. ഒരു ഏഷ്യൻ ശക്തി യൂറോപ്പുകാരെ വിജയകരമായി പരാജയപ്പെടുത്തുന്നത് ഇതാദ്യമായിരുന്നു. ഈ വിജയത്തിന്റെ സ്മരണയ്ക്കായി യുദ്ധം നടന്ന സ്ഥലത്ത് പിന്നീട് ഒരു ‘വിജയ സ്തംഭം’ സ്ഥാപിച്ചു. മദ്രാസ് രജിമെൻ്റും, ആയോധന പരിശീലന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളും അവതരിപ്പിച്ച കളരിപ്പയറ്റ് പ്രകടനം കാണികളെ വിസ്മയം കൊള്ളിച്ചു.