വിഷം നല്‍കുന്നതിന്റെ തലേന്ന് ഗ്രീഷ്മയും ഷാരോണും സെക്‌സ് ചാറ്റ്‌നടത്തി, വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു; കുറ്റപത്രം

 

വിഷം നല്‍കുന്നതിന്റെ തലേന്ന് ഗ്രീഷ്മയും ഷാരോണും ഒരു മണിക്കൂറിലേറെ സെക്‌സ് ചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം. ഒക്ടോബര്‍ 14ന് രാവിലെ വീട്ടിലെത്തണമെന്ന് ഗ്രീഷ്മ പല തവണ നിര്‍ബന്ധിച്ചതിനാലാണ് വീട്ടില്‍ പോയതെന്ന് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞിരുന്നു. ലൈംഗികമായി ബന്ധപ്പെടുന്നതിനായാണ് ഗ്രീഷ്മ വിളിച്ചു വരുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐ.സി.യുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്. 

ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മാസം മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബര്‍ മാസത്തില്‍ ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ടി.

തുടര്‍ന്ന് തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവാഹം അടുത്തുവരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. തുടര്‍ന്നാണ് ലൈംഗിക കാര്യങ്ങള്‍ പറഞ്ഞ് ഷാരോണിനെ വീട്ടില്‍ വിളിച്ചു വരുത്തി വിഷം നല്‍കിയത്. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. 

പിന്നീട് സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ ഷാരോണ്‍ പലതവണ ഛര്‍ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചികിത്സയിയിലിരിക്കേ മരിക്കുകയുമായിരുന്നു. കൊലപാതകത്തെക്കുറിച്ച് ഗ്രീഷ്മയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ അമ്മാവനാണ് കൂട്ടുനിന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.