വിദ്വേഷ പ്രചാരണം, മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്ത; നമോ ടിവി അവതാരകയും ഉടമയും അറസ്റ്റില്‍

 

നമോ ടിവി അവതാരക ശ്രീജ പ്രസാദും ഉടമ രഞ്ജിത്ത് ടി. ഏബ്രഹാമും അറസ്റ്റില്‍. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്ത യൂട്യൂബ് ചാനലിലൂടെ പുറത്തു വിടുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഒരു മാസത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഇന്ന് പോലീസില്‍ കീഴടങ്ങുകയായിരുന്നു. തിരുവല്ല പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങിയത്. സെപ്റ്റംബര്‍ 19നായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പായ ഐപിസി 153എ ആണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കലാപാഹ്വാനത്തിനാണ് കേസ്. അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. യൂട്യൂബ് ചാനല്‍ വഴിയും ഫെയിസ്ബുക്ക് പേജ് വഴിയും വാര്‍ത്തയെന്ന പേരില്‍ പബ്ലിഷ് ചെയ്ത വിദ്വേഷ വീഡിയോക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഒരു മതവിഭാഗത്തിന് എതിരെയായിരുന്നു ചാനലിലെ വീഡിയോകളിലെ അശ്ലീല പരാമര്‍ശങ്ങള്‍. മുന്‍പും അസഭ്യ വീഡിയോ പബ്ലിഷ് ചെയ്തതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പുതിയ വീഡിയോയ്ക്ക് എതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന പരാതി നല്‍കിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നമോ ടിവിയുടെ വീഡിയോയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു.