വഖഫ് ബോർഡിന്‍റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി
സംസ്ഥാന വഫഖ് ബോർഡിന്‍റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഹൈകോടതി. അടുത്ത ബുധനാഴ്ച വരെയാണ് പ്രവർത്തനം മരവിപ്പിച്ചത്. വഖഫ് ബോർഡ് ജോയിന്‍റ് സെക്രട്ടറിക്കാണ് താൽക്കാലിക ചുമതല.
ബി.ജെ.പി നേതാവ് ഷോൺ ജോർജും ഒരു ക്രിസ്ത്യൻ സംഘടനയും ഉൾപ്പെടെ നൽകിയ വിവിധ ഹരജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഭരണഘടന വിരുദ്ധമായ പ്രവർത്തങ്ങൾ അടക്കം ഹരജികളിൽ ആരോപിച്ചിരുന്നു. കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. നയപരമായ തീരുമാനങ്ങൾ പാടില്ലെന്നും മൂലധന നിക്ഷേപങ്ങളോ, ചെലവോ പാടില്ലെന്നും ജുഡീഷ്യൽ സിറ്റിങ് നടത്താൻ അനുമതി ഇല്ലെന്നും കോടതി വ്യക്തമാക്കി.
കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം. നിലവിലെ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളില്ല. വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെയാണ് ഷോൺ ജോർജ് ഹരജി നൽകിയത്. 2026ൽ വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചപ്പോൾ ഒമ്പതു പേരെയാണ് സർക്കാർ നിയമിച്ചത്. ഇതിൽ എല്ലാവരും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഷോണിന്‍റെ വാദം.