യു എ ഇയിൽ  ശക്തമായ മഴ; ഗതാഗതം തടസപ്പെട്ടു, സ്കൂളുകൾക്ക് അവധി 

 

യുഎഇയിൽ ശക്തമായ മഴ. ഇന്ന് പുലർച്ചെ തുടങ്ങി മണിക്കൂറോളം നീണ്ട മഴയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടു. തുടർച്ചയായി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞു. പ്രധാന റോഡുകൾ വെളളത്തിനടിയിലായതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. വിവിധ ഇടങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെളളക്കെട്ടിൽ അകപ്പെട്ടു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മഴയുടെ പശ്ചാത്തലത്തിൽ ദുബായിലെ നിരവധി സ്‌കൂളുകൾ ഓൺലൈനായാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകൾ ഓൺലൈനായിട്ടായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 
യുഎഇയിലെ പല കമ്പനികളും ജീവനക്കാർക്ക് ഇന്ന് വർക്ക് ഫ്രം ഹോം അനുവദിച്ചു. ജീവനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ ജോലി ക്രമീകരിക്കാൻ സ്വകാര്യ കമ്പനികളോട് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഇന്നലെ നിർദേശിച്ചിരുന്നു.