സംസ്ഥാനത്ത് മഴ ശക്തമാകും
Sep 9, 2023, 10:02 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ ഒഴികെ ബാക്കി ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. തിങ്കളാഴ്ച വരെ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശാവുന്ന കാറ്റും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉണ്ടാകും. തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. അതേസമയം, മധ്യ ഒഡീഷയ്ക്കും ഛത്തീസ്ഗഡിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിൻറെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.