മൂടല്‍മഞ്ഞിലേക്ക് ഹെലികോപ്ടര്‍, പിന്നാലെ വലിയ ശബ്ദം; അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്

 

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട അപകടത്തിന് തൊട്ടു മുന്‍പ് ഹെലികോപ്ടര്‍ പറക്കുന്നതിന്റെ വീഡിയോ പുറത്ത്. കൂനൂരില്‍ എത്തിയ വിനോദ സഞ്ചാരികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയാണ് പുറത്തു വന്നത്. മൂടല്‍ മഞ്ഞിലേക്ക് ഹെലികോപ്ടര്‍ പറന്നു കയറുന്നതാണ് വീഡിയോയില്‍ കാണുന്നത്. പിന്നീട് വലിയൊരു ശബ്ദം കേള്‍ക്കുകയും ഹെലികോപ്ടറിന്റെ ശബ്ദം പൊടുന്നനെ നിലയ്ക്കുകയും ചെയ്യുന്നു.

ശബ്ദം കേട്ടതോടെ വീഡിയോയിലുള്ള സഞ്ചാരികള്‍ എന്താണെന്ന ആകാംക്ഷയില്‍ തിരിഞ്ഞു നോക്കുന്നതും കാണാം. എന്നാല്‍ ദൃശ്യത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യോമസേനാവൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. തമിഴ് മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് അപകടമുണ്ടായത്. വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

വീഡിയോയില്‍ സഞ്ചാരികള്‍ നില്‍ക്കുന്നതിന് സമീപമുള്ള ചെങ്കുത്തായ പാറക്കെട്ടുകള്‍ക്ക് ഇടയിലൂടെയാണ് ഹെലികോപ്ടര്‍ സഞ്ചരിച്ചത്. അപകടത്തിന് മുന്‍പായി ഹെലികോപ്ടറില്‍ നിന്ന് അപായ സന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ വ്യോമസേന പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്.