ദിലീപ് ഫോൺ കൈമാറണമെന്ന് ഹൈക്കോടതി; എന്തുകൊണ്ട് കൈമാറുന്നില്ലെന്നും കോടതി
 

 

നടൻ ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് ഫോൺ കൈമാറണമെന്ന് ഹൈക്കോടതി.  ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു.  കേസില്‍  ദിലീപ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറാത്തത് ശരിയായ നടപടിക്രമം അല്ലെന്നും ജസ്റ്റിസ് പി.ജെ ഗോപിനാഥ് ചൂണ്ടിക്കാട്ടി.

ഫോണ്‍ കൈമാറാത്തതിന്റെ കാരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ഗൂഡാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് പ്രധാന വാദം.

വധ ഗൂഡാലോചനക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഉപ ഹര്‍ജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല, ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെണ് എന്നീ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും ഉപഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ദിലീപിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് അതിന് തയാറാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണ്. ആയതിനാല്‍ കോടതി തന്നെ ഈ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഇന്ന് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.