മീഡിയവണ്‍ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

 

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. രണ്ടു ദിവസത്തേക്കാണ് സ്‌റ്റേ. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. ജസ്റ്റിസ് എന്‍.നഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കുമെന്ന് മീഡിയവണ്‍ അറിയിച്ചു. 

രാജ്യസുരക്ഷാ കാരണങ്ങളാണ് വിലക്കിന് പിന്നിലെന്നും വിലക്കിന് മതിയായ കാരണങ്ങളുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്രം നല്‍കിയിട്ടില്ലെന്നും തല്‍ക്കാലം സംപ്രേഷണം നിര്‍ത്തുകയാണെന്നും മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ചാനലിലൂടെ അറിയിച്ചിരുന്നു. 

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് മീഡിയവണ്‍ സംപ്രേഷണം വിലക്കിയത്. ഇത് രണ്ടാം തവണയാണ് മീഡിയവണിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തുന്നത്. കേന്ദ്രത്തിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ഉയരുകയാണ്.