ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് അതിവേഗ കപ്പൽ സർവീസ്

ഓഗസ്റ്റ് 15-നുശേഷം സർവീസ് തുടങ്ങാനാണ് തീരുമാനം
 

ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് ബേപ്പൂരിൽനിന്ന് അതിവേഗ കപ്പൽ സർവീസ് തുടങ്ങുന്നു. മൺസൂൺ കഴിഞ്ഞ് ഓഗസ്റ്റ് 15-നുശേഷം സർവീസ് തുടങ്ങാനാണ് തീരുമാനം. ലക്ഷദ്വീപിലെ യാത്രക്കാരെയും ടൂറിസ്റ്റുകളെയും ലക്ഷ്യംവെച്ചാണ് കപ്പൽ സർവീസ് ആരംഭിക്കുന്നതെന്ന് തമിഴ്നാട് ട്രിച്ചി ശുഭം എന്റർപ്രൈസസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സുന്ദർരാജ് പൊന്നുസ്വാമി പറഞ്ഞു.

250 പേർക്ക് യാത്രചെയ്യാനുള്ള സൗകര്യമുണ്ടാവും. ആന്ത്രോത്തിലേക്കും തിരിച്ചും ആഴ്ചയിൽ ആറു സർവീസുകളുണ്ടാവും. 24 നോട്ടിക്കൽ മൈലാണ് വേഗം. അഞ്ചു മണിക്കൂർകൊണ്ട് ആന്ത്രോത്തിലെത്താം. നൂറു കോടിയുടെ പദ്ധതിയാണിത്. കേന്ദ്ര ഷിപ്പിങ് ഗതാഗതമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കാലിക്കറ്റ് ചേംബർ, നാഷണൽ ട്രേഡേഴ്സ് വെൽഫെയർബോർഡ് എന്നിവയുടെ നേതൃത്വത്തിൽ കോഴിക്കോട്ടുനടന്ന ഫ്യൂച്ചർ കേരള ബിസിനസ് കോൺക്ലേവിലായിരുന്നു പ്രഖ്യാപനം.

അയ്യായിരം രൂപയ്ക്കടുത്ത് ടിക്കറ്റ് നിരക്ക് വരുമെന്നാണ് കണക്കാക്കുന്നത്. ട്രയൽ റൺ നടത്തിയശേഷമാണ് നിരക്ക് നിശ്ചയിക്കുക. 'തേജ' എന്നുപേരുള്ള കപ്പലിൽ വി.ഐ.പി., ബിസിനസ് ക്‌ളാസ്, ഇക്കോണമി ക്‌ളാസ് തുടങ്ങി മൂന്നു വിഭാഗങ്ങളുണ്ടാവും