വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി; ഓരോ ചവിട്ടിനും 1001 രൂപ
വിജയ് സേതുപതിക്ക് എതിരെ വിദ്വേഷം പ്രചാരണവുമായി തമിഴ്‌നാട്ടിലെ തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ഹിന്ദു മക്കള്‍ കക്ഷി. വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ചവിട്ടിനും 1001 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപനം. താരം തേവര്‍ സമുദായത്തെ അപമാനിച്ചെന്ന് സംഘടനാ നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞു. അതിനാലാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നും അര്‍ജുന്‍ സമ്പത്ത് വ്യക്തമാക്കി.
ഹിന്ദു മക്കള്‍ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിജയ് സേതുപതി തേവര്‍ സമുദായത്തെയും തേവര്‍ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണം ഉണ്ടാകാന്‍ കാരണം ഇതാണെന്നും വിമാനത്തില്‍ വെച്ചാണ് നടന്‍ തേവര്‍ സമുദായത്തെ അപമാനിച്ചതെന്നുമാണ് അര്‍ജുന്‍ പറയുന്നത്.
അതേസമയം ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് നടന്ന ആക്രമണം വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സുഹൃത്തുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിലാണ് ആക്രമണം. നടന്റെ സഹായിക്ക് ചവിട്ടില്‍ പരിക്കേറ്റിരുന്നു. അക്രമി മലയാളിയാണെന്ന വിവരവും പുറത്തു വന്നിരുന്നു.