ദീപ്തിയുടെ ത്യാഗം പാർട്ടി പരിഗണിക്കുമെന്ന് കരുതി; തുറന്നടിച്ച് മാത്യു കുഴൽനാടൻ
കൊച്ചി മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനെ തഴഞ്ഞതിൽ പരസ്യ പ്രതികരണവുമായി കോൺഗ്രസ് എംഎൽഎ മാത്യുകുഴൽനാടൻ. ദീപ്തി മേരി വർഗീസിന്റെ അധ്വാനം പാർട്ടി പരിഗണിക്കുമെന്നാണ് കരുതിയതെന്നും അതുണ്ടാകാത്തത് കൊണ്ടാണ് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നും കുഴൽനാടൻ പറഞ്ഞു. 'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും. രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല..' എന്ന് മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.
'ദീപ്തി മേരി വർഗീസിന്റെ അധ്വാനം പാർട്ടി പരിഗണിക്കുമെന്നാണ് കരുതിയത്. കോൺഗ്രസിനകത്ത് ഒരു വനിത നേതാവ് കെഎസ്‌യു കാലം മുതൽ മുഴുവൻ സമയം രാഷ്ട്രീയത്തിൽ നിൽക്കുക എന്നത് ത്യാഗോജ്ജല പ്രവർത്തനമാണ്. ഒരുപാട് പ്രയാസങ്ങളും വെല്ലുവിളികളും കടന്നാണ് സ്ത്രീകൾ ഈ രംഗത്ത് നിൽക്കുന്നത്. ഞാൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നതിന് മുമ്പ് അവിടെ ഉണ്ടായിരുന്ന ആളാണ് ദീപ്തി മേരി വർഗീസ്. കോൺഗ്രസ് പ്രവർത്തകർക്ക് വൈകാരിക അടുപ്പമുള്ള വനിതാ നേതാക്കളിലൊരാളുംകൂടിയാണ് അവർ. പാർട്ടിയുടെ സുപ്രധാന സംഘടനാപദവികൾ അലങ്കരിക്കുന്നവർക്ക് പരിഗണന കൊടുക്കണമെന്ന് കെപിസിസി നിർദേശം നൽകിയത് ഇതുപോലെയുള്ളവരെ ചൂണ്ടിക്കാട്ടിയാണ്. പാർട്ടിക്കകത്ത് മാത്രമല്ല പൊതുസമൂഹത്തിലുള്ളവരും ദീപ്തിക്ക് പരിഗണന ലഭിക്കുമെന്ന കരുതിയിരുന്നു. അത് ലഭിക്കാതെ വന്നപ്പോൾ സ്വാഭാവികമായി ഉണ്ടായ പൊതുനിരാശയാണ് എന്റെ പോസ്റ്റ്. അവരോടുള്ള ഐക്യാദാർഢ്യത്തിന്റെ ഭാഗംകൂടിയാണത്' കുഴൽനാടൻ പറഞ്ഞു.
എല്ലാകാര്യത്തിലും കീറിക്കെട്ടി ഭൂരിപക്ഷം പരിശോധിക്കുന്ന രീതി പാർട്ടിക്ക് ഒരു മാനദണ്ഡം ആകുകയാണോ എന്നറിയില്ലെന്നും പുതിയ മേയറെ തിരഞ്ഞെടുത്തതിലെ മാനദണ്ഡം ചോദ്യം ചെയ്ത് കുഴൽനാടൻ ചോദിച്ചു. സംഘടനാ രംഗത്ത് കെഎസ്‌യു കാലം മുതൽ കെപിസിസി തലം വരെ പ്രവർത്തിക്കുന്ന ഒരാൾക്ക് പാർട്ടികത്ത് പിന്തുണയും എതിർപ്പുകളും ഉണ്ടാകും. അതേസമയം തന്നെ പല സാഹചര്യങ്ങളിൽനിന്നും പല പദവികളിലേക്കും പാർട്ടിയുടെ മുന്നണിയിലേക്ക് വരുന്നവരുണ്ട്. അവർക്ക് എതിർപ്പുകൾ കുറവായിരിക്കും. തീരുമാനമെടുക്കുന്നതിൽ പങ്കാളിയാകാത്തത് കൊണ്ടും പാർട്ടിക്കായി ത്യാഗം സഹിക്കാത്തവരായത് കൊണ്ടുമാണ് അവർക്ക് എതിർപ്പില്ലാത്തതെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.