'എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല, വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കും'; ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനം 

 


മാസപ്പടി വിവാദത്തിൽ സി.പി.ഐ.എം നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ട് താൻ മാപ്പ് പറയണമോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് മാത്യു കുഴൽ നാടൻ.

ജി.എസ്.ടി വിവാദത്തിന്റെ പേരിൽ മാസപ്പടി അഴിമതിയിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമമെന്നും അത് അനുവദിക്കില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനി സി.എം.ആറിൽനിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ്ക്ക് ഐ.ജി.എസ്.ടി അടച്ചുവെന്ന് വ്യക്തമായതോടെയാണ് മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന ആവശ്യം സി.പി.ഐ.എം ഉയർത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:  

മാസപ്പടി/ ജി എസ് ടി വിഷയത്തിൽ ഞാൻ ഉന്നയിച്ച കാര്യങ്ങളിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ല..

ധനവകുപ്പിന്റെ കത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ മാപ്പ് പറയണം എന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ഈ വിഷയത്തിലെ വസ്തുതകളും എന്റെ ബോധ്യവും ഞാൻ നാളെ കേരളത്തിന്റെ പൊതുസമൂഹത്തിന് മുമ്പിൽ വിശദീകരിക്കും.. വിശദമായി തന്നെ നമുക്ക് പരിശോധിക്കാം. എന്നിട്ട് പൊതുജനം തീരുമാനിക്കട്ടെ ഞാൻ മാപ്പ് പറയണോ വേണ്ടയോ എന്ന്. എന്റെ ഭാഗം ബോധ്യപ്പെടുത്താൻ ആയില്ലെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല.

അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല. ജിഎസ്ടിയുടെ പേരിൽ മാസപ്പടി അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് അനുവദിക്കില്ല..ശേഷം നാളെ…