ഇടുക്കി അണക്കെട്ട് തുറന്നു; ആദ്യം തുറന്നത് മൂന്നാമത്തെ ഷട്ടര്‍
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. 35 സെന്റിമീറ്ററാണ് ഷട്ടര്‍ തുറന്നത്. ഇത് അഞ്ചാമത്തെ തവണയാണ് ഇടുക്കി പദ്ധതിയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്. 1981ലും 1992ലും 2018ലെ പ്രളയകാലത്തും മാത്രമാണ് ഇതിന് മുന്‍പ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളത്. 2018ല്‍ രണ്ടു തവണ ഷട്ടറുകള്‍ തുറന്നിരുന്നു. ഡാമില്‍ നിന്നുള്ള വെള്ളം ചെറുതോണിപ്പുഴയിലൂടെ വെള്ളക്കയത്തെത്തി പെരിയാറില്‍ ചേരും. ഡം തുറക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായി മൂന്ന് സൈറണുകള്‍ മുഴക്കി. പിന്നീട് മൂന്നാമത്തെ ഷട്ടര്‍ തുറക്കുകയായിരുന്നു. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വീതം വെള്ളമാണ് ഇപ്പോള്‍ ഒഴുക്കി വിടുന്നത്. ആദ്യ ഷട്ടര്‍ തുറന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മറ്റു ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ചെറുതോണിപ്പുഴയില്‍ ജലപ്രവാഹം ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും കൂടുതല്‍ വെള്ളം തുറന്നുവിടുക. 2018ല്‍ ആദ്യം തുറന്നപ്പോള്‍ 30 ദിവസത്തിന് ശേഷം മാത്രമാണ് അടയ്ക്കാന്‍ കഴിഞ്ഞത്.
ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡാം തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഡാം തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രിയില്‍ തന്നെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍കരുതലുകളുടെ ഭാഗമായി വെള്ളം ഒഴുകിയെത്തുന്ന ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്. പെരിയാറിന്റെ തീരത്ത് ഇടുക്കി, എറണാകുളം ദുരന്തനിവാരണ അതോറിറ്റികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 6 മണിക്ക് തുറന്നിരുന്നു. ഇവിടെ നിന്നുള്ള വെള്ളം ഉച്ചയ്ക്ക് 12 മണിയോടെ ആലുവ-കാലടി ഭാഗത്തെത്തും. ഇരു ഡാമുകളിലെയും വെള്ളം എത്തുന്നതോടെ പെരിയാറില്‍ ഒരു മീറ്ററോളം ജലനിരപ്പ് ഉയരുമെന്നാണ് കരുതുന്നത്. നദിയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും ലൈവ് ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.