‘നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ’ ; ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് പിവി അന്‍വര്‍

 

ഇന്ന് വൈകിട്ട് നാലരയ്ക്ക് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. വിശ്വാസങ്ങള്‍ക്കും,വിധേയത്വത്തിനും,താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനമെന്നും അതിത്തിരി കൂടുതലുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട് – അന്‍വര്‍ വ്യക്തമാക്കി.

പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് എതിരെ അന്വേഷണം ഇല്ലെന്ന് ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. എഡിജിപിയെ ഉടന്‍ മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചു. അന്‍വറിന്റെ പരാതിയില്‍ തത്ക്കാലം തുടര്‍ നടപടിയില്ലെന്ന് ഇതോടെ വ്യക്തമായി. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും വന്ന ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം.

അന്‍വറിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പാര്‍ട്ടി ശരിവെക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. എഡിജിപിയുടെ കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലേക്കാണ് നിലവില്‍ സിപിഐഎം എത്തിയത്. തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശക്ക് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ കൈമാറിയിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ മാത്രം അന്വേഷണം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്.