സില്‍വര്‍ ലൈന്‍ ഡിപിആറിലെ ഈ മൂന്ന് കാര്യങ്ങള്‍ തെളിയിച്ചാല്‍ ഒരുലക്ഷം രൂപ; വെല്ലുവിളിച്ച് സാധ്യതാ പഠനം നടത്തിയ വിദഗ്ദ്ധന്‍
സില്‍വര്‍ ലൈന്‍ അതിവേഗ റെയിലിനായി തയ്യാറാക്കിയ ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ സത്യമെന്ന് തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ കെ റെയില്‍ എംഡിക്ക് നല്‍കാമെന്ന് വെല്ലുവിളി. പദ്ധതിക്കായി സ്വകാര്യ കണ്ഡസള്‍ട്ടന്‍സി കമ്പനിക്കു വേണ്ടി പ്രാഥമിക പഠനം നടത്തിയ വിദഗ്ദ്ധന്‍ അലോക് കുമാര്‍ വര്‍മയാണ് കെ-റെയിലിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. താന്‍ നടത്തിയ സാധ്യതാ പഠനത്തില്‍ പറഞ്ഞ പല കാര്യങ്ങളും അന്തിമ റിപ്പോര്‍ട്ടില്‍ അട്ടിമറിക്കപ്പെട്ടതായി അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ഡിപിആറിലെ മൂന്ന് കാര്യങ്ങള്‍ തെളിയിച്ചാല്‍ കെ-റെയില്‍ എംഡിക്ക് ഒരു ലക്ഷം രൂപ നല്‍കാമെന്നാണ് അലോക് കുമാര്‍ വര്‍മ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.
1. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബ്രോഡ്‌ഗേജ് പാത നിര്‍മിക്കാനാകില്ലെന്ന് തെളിയിക്കാമോ
2. ഡിപിആറില്‍ നല്‍കിയിരിക്കുന്ന സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിംഗ് കോഡ് നിര്‍ദേശിക്കുന്ന വിധത്തില്‍ ലിഡാര്‍ സര്‍വേയുടെയും ഗ്രൗണ്ട് സര്‍വേയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്ന് തെളിയിക്കാമോ
3. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ മുന്‍ഗണനാ സര്‍വേ, സ്റ്റേഷനുകള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശങ്ങള്‍ എന്നിവയെ ആശ്രയിച്ചു തയ്യാറാക്കിയതാണോ- എന്നീ ചോദ്യങ്ങളാണ് അലോക് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമികാനുമതിക്കായി ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡും കെ-റെയിലും സാധ്യതാ പഠനം നടത്തിയ സിസ്ത്ര എംവിഎ കണ്‍സള്‍ട്ടന്‍സി ഇന്ത്യ എന്ന കമ്പനിയും ഒത്തുകളിച്ചതായും അലോക് കുമാര്‍ വര്‍മ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. അശാസ്ത്രീയമായി തയ്യാറാക്കിയ ഫീസിബിലിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധ്യതാ പഠനത്തിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നുവെന്നും ഇത് റെയില്‍വേ ബോര്‍ഡ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.