കൊച്ചി നഗരത്തില്‍ നിയന്ത്രണം വിട്ട ബസ് 13 വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു

 

കൊച്ചിയില്‍ നിയന്ത്രണം നഷ്ടമായ സ്വകാര്യബസ് 13 വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ കൊച്ചി ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപമാണ് അപകടമുണ്ടായത്. ബസിനും ഇടിച്ച വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാക്കനാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബ്രേക്ക് നഷ്ടമായ ബസ് നിര്‍ത്താനുള്ള ശ്രമത്തില്‍ മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പാര്‍ക്ക് ചെയ്ത ചെറു വാഹനങ്ങളിലാണ് ബസ് കൂടുതലായും ഇടിച്ചത്. ഇതാണ് അപകടത്തിന്റെ രൂക്ഷത കുറച്ചത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയിലാണ് ബസ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു.

പിന്നാലെ റേഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളിലും മറ്റു വാഹനങ്ങളിലും ഇടിച്ചു. വാഹനങ്ങള്‍ക്ക് കാര്യമായ തകരാറുകള്‍ ഉണ്ടായിട്ടുണ്ട്. ചില കാറുകളുടെ മുന്‍വശവും അരികുകളും പൂര്‍ണ്ണമായും തകര്‍ന്നു. അമിത വേഗതയില്‍ വന്ന ബസ് കണ്ട് ആളുകള്‍ ഓടി മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിന്റെ ബ്രേക്ക് പെഡല്‍ പൊട്ടിയ നിലയിലാണ്.